2010, ഡിസംബർ 8, ബുധനാഴ്‌ച

നഗരവും എസ്. എന്‍. സുജിത്തിന്റെ ക്യാന്‍വാസും

ഡിസംബര്‍ 7, 2010 മാതൃഭൂമി ദിനപത്രത്തിന്റെ മഹാനഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌ (പൂര്‍ണ്ണരൂപം)ചിത്രങ്ങള്‍ അജിലാല്‍



ഒരു നാടിന്റെ പരമ്പരാഗതമായ സാംസ്‌കാരിക മൂല്യങ്ങള്‍ നഗരജീവിതത്തില്‍ വിനിമയം ചെയ്യപ്പെടുന്നതെങ്ങനെ എന്ന് കണ്ടെത്തുന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറേ ശ്രമകരമായ ഒരു ജോലിയാണ്. വിപണിമൂല്യങ്ങള്‍ക്കനുസരിച്ച്, വിപണി നിശ്ചയിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന സമകാലിക ച്യുതികളെ കലാകാരന്‍ അടയാളപ്പെടുത്തിവയ്ക്കുന്നു. ഇവിടെ ഒരു ചിത്രകാരന്‍ സമകാലിത ജീവിതത്തെ രേഖപ്പെടുത്തുന്നതിലപ്പുറം ഒരതീത ചിന്തയെ ഉത്പാദിപ്പിക്കാന്‍ യത്‌നിക്കുന്നതുകാണാം. ഇന്ത്യന്‍ ചിത്രകലയിലെ പുതുനിരയില്‍ അതിവേഗം ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ശ്രീ എസ്. എന്‍. സുജിത്ത് ചിത്രകലയുടെ വ്യവസ്ഥാപിതമയ ആഖ്യാനകലകളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയൊരു സംവേദനത്തെ സൃഷ്ടിച്ചെടുക്കുന്നു. നഗരവല്‍ക്കരണത്തേയും (urbanization), പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും, ജീവിതത്തിന്റെ കൊച്ചുകൊച്ചു ഉത്കണ്ഠകള്‍ക്കൊപ്പം വ്യക്തിയുടെ ആന്തരികജീവതത്തിലെ സൂക്ഷ്മമായ സമസ്യകളേയും സുജിത്ത് വരച്ചിടുന്നു. 2005 ല്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ബിരുദവും 2007 ല്‍ ഹൈദരാബാദ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്ന് ബിരുദാനന്തര ബരുദവുമായി വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് സ്വയം അലിഞ്ഞുചേര്‍ന്ന സുജിത്തിന്റെ കലാജീവിതത്തെ അദ്ദേഹം സ്വയം വിളിക്കുന്നത് 'നിയോഗം' എന്നാണ്. പാലക്കാട് ജില്ലയിലെ പാരമ്പര്യകലകളുടെ ചൂരും ചെത്തവുംമുള്ള പല്ലശ്ശന എന്ന ഗ്രാമപ്രദേശത്തില്‍ നിന്ന് മേളത്തിന്റേയും ക്ഷേത്രകലകളുടേയും പാരമ്പര്യവിളികളെ സ്വയം കയ്യൊഴിഞ്ഞുകൊണ്ട് വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടത് നിയോഗമല്ലെങ്കില്‍ പിന്നെന്താണ്. ''പട്ടാളത്തിലായിരുന്ന അച്ഛന്റെ അകാലത്തിലുള്ള മരണശേഷം എല്ലാവരുടേയും പ്രതീക്ഷ എന്നിലായിരുന്നു. അച്ഛന്റെ ജോലിക്ക് അപേക്ഷിച്ച് പട്ടാളത്തില്‍ ഒതുങ്ങികൂടുക എന്നതായിരുന്നു എന്റെ മുന്‍പിലുണ്ടായിരുന്ന ഒരെളുപ്പവഴി. ആ വഴിക്കുതന്നെ നീങ്ങി. ടെസ്റ്റ് പാസ്സായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ എനിക്ക് ആ ജോലി മടുത്തു. ജീവിതത്തെ എന്റെ സര്‍ഗ്ഗാത്മക ഉള്‍വിളികളെ ചട്ടങ്ങളുടേയും നിയന്ത്രണങ്ങളുടേയും കള്ളികളില്‍ അടയിരുത്താന്‍ എനിക്കാവില്ലായിരുന്നു. ആ ജോലിയുപേക്ഷിച്ച് ഞാന്‍ അവിടം വിട്ടു'' കേരളത്തിലെ നാട്ടിന്‍പുറത്തെ ഒരു ശരാശരി ചെറുപ്പക്കാരന്റെ ദിശാബോധംതന്നെയായിരുന്നു അന്ന് സുജിത്തിനേയും നയിച്ചത്. അങ്ങിനെയാണ് ഒരു കൈത്തൊഴില്‍ എന്ന നിലയ്ക്ക് പാലക്കാട് ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡ്രാഫ്റ്റ്മാന്‍ കോഴ്‌സിന് ചേര്‍ന്ന് പടിക്കുന്നത്. ''കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അളവും വക്രവുമൊപ്പിച്ചുള്ള ജീവിതം വേഗം മടുത്തു. അജിത്ത് കടുംതുരുത്തി എന്ന കലാകാരനുമായുള്ള സൗഹൃദമാണ് പിന്നീട് ഉള്ളിലെ ചിത്രകാരനെ കണ്ടെടുക്കാന്‍ എന്നെ സഹായിച്ചത്.

സുജിത്ത് പറയുന്നു ''ചെറിയ ചെറിയ കൗതുകങ്ങളില്‍ നിന്നാണ് എന്റെ ചിത്രങ്ങള്‍ പിറവിയെടുക്കുന്നത്. എന്റെ തന്നെ ഉത്കണ്ഠകളാണ് കാഴ്ചക്കാരന്റെ ആധികളിലേക്ക് തീപ്പൊരിയാകുന്നത്''

കാന്‍വാസിലേക്ക് ചുരത്തുന്ന കാഴ്ചയുടെ പരിവര്‍ത്തനത്തെപ്പറ്റി അതല്ലെങ്കില്‍ ഒരു ചിത്രകാരന്റെ ആന്തരിക ജീവിതത്തില്‍ നിന്ന് ഒരു ചിത്രമായി പരിണമിക്കുന്നതിന്റെ രാസത്വരകത്തെ എങ്ങിനെ വിലയിരുത്തുന്നു?

ഒരുപാട് ഉത്കണ്ഠകള്‍ ഉണ്ടെനിക്ക് നാട്ടിന്‍പുറത്ത് നിന്ന് പലകാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ ഈ നഗരത്തിലൂടെ നടന്ന് ഇവിടെ എന്റെ സ്റ്റുഡിയോയിലെ ജനാലയ്ക്കരുകില്‍ ഇരിക്കുമ്പോള്‍ എന്നെ ഭരിക്കുന്നത് ഒരു പാട് ഉതകണ്ഠകളാണ്. അതോടൊപ്പം ചെറിയ ചെറിയ കൗതുകങ്ങളുമുണ്ട് ഇതുതന്നെയാണ് എന്റെ ചിത്രങ്ങള്‍ക്കും പറയാനുള്ളത്. എന്റെ ഈ കൗതുകങ്ങളും ഉത്കണ്ഠകളും സൃഷ്ടിക്കുന്ന ത്രിമാനങ്ങളായ സംവേദനത്വത്തിലാണ് എന്റെ ചിത്രങ്ങളുടെ സ്വത്വം.

നഗരവല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിക്കുന്ന സങ്കേതങ്ങളാണ് സുജിത്തിന്റെ പലചിത്രങ്ങളുടേയും കാതല്‍..

അത് മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതല്ല. നേരത്തെ പറഞ്ഞതുപോലെ എന്റെ ചില കൗതുകങ്ങളില്‍ നിന്നാണ് ഈ മഹാനഗരത്തിന്റെ സങ്കേതങ്ങള്‍ പിറവിയെടുക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഹൈദരാബാദില്‍ എം.എഫ്.എ യ്ക്ക് പഠിക്കുന്ന കാലം ഞാന്‍ താമസിക്കുന്നതിന് അടുത്ത് ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു. മാതാപൂര്‍ എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര് നഗരവത്ക്കരണത്തിന്റെ ചെറിയ ചെറിയ അംശങ്ങള്‍ ഓരോകാലത്തായി ആ ഗ്രാമത്തില്‍ കടന്നുവരുന്നതിനെ ഞാന്‍ ക്യാമറയില്‍ ഒരു കൗതുകത്തിന് പകര്‍ത്തി വയ്ക്കുമായിരുന്നു. രണ്ടുമൂന്നു വര്‍ഷത്തോളം ഈ ഗ്രമത്തിന്റെ മുഖഛായ മാറുന്ന വിവിധഘട്ടങ്ങളെ ഞാന്‍ എന്റെ സ്റ്റില്‍ ക്യാമറയിലൂടെ ഞാന്‍ അടയാളപ്പെടുത്തി വച്ചു. ഇന്ന് മാതപൂര്‍ ഒരു ഹൈട്ടെക് സിറ്റിയാണ്. ഈ രൂപമാറ്റത്തെ ''Once upon a time it was curio'city” എന്ന പേരില്‍ ഒരു ആര്‍ട്ട് സമ്മിറ്റായി ഞാന്‍ പിന്നിട് അവതരിപ്പിച്ചു.

എന്താണ് ഒരു ചിത്രാകാരന്‍ എന്നുള്ള നിലയ്ക്ക് സുജിത്തിനെ വേറിട്ടു നിര്‍ത്തുന്നത്?.

എന്റെ വ്യതിരിക്തതയെക്കുറിച്ച് ഞാന്‍ പറയേണ്ടതല്ല. എന്റെ ചിത്രം കാണുന്നവരാണ് അത് പറയേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ശില്പം എന്നുപറയുന്നത് എന്റെ കാഴ്ചയുടെ ആവിഷ്‌ക്കരണമാണ്. ജീവിതത്തിലെ അനവധി കാഴ്ച്ചകള്‍ക്കിടയില്‍ നിന്നാണ് എന്റെമാത്രമായ ഒരു കാഴ്ച്ചയിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. സമകാലികമായ ചില പോതു ഇടങ്ങളില്‍ നില്‍ക്കുമ്പോള്‍ പോലും ഒരു നല്ല കലാകാരന് അവന്റേതുമാത്രമായ ചില കണ്ടെത്തലുകള്‍ കാണും. അതാണ് അവന്റെ കലയെ ബഹുസ്വരതകളില്‍ നിന്ന് വേര്‍തിരച്ചു നിര്‍ത്തുന്നതും വ്യത്യസ്ഥനാക്കുന്നതും.

അര്‍ബനൈസേഷന്റെ ആധികളും സാംസ്‌കാരിക മൂല്യശോഷണങ്ങളുമടങ്ങുന്ന ഒരു ആശയസഞ്ചാരം സുജിത്തിന്റെ ഓരോ ചിത്രങ്ങളും സാധിച്ചെടുക്കുന്നുണ്ട്. എങ്ങിനെയാണത് സാധിക്കുന്നത്?. . . .

ഒരു തുടക്കക്കാരന്‍ എന്നുള്ള നിലയില്‍ എനിക്കുണ്ടായിരുന്ന ഒരു വെല്ലുവിളി എന്നു പറയുന്നത് എനിക്കുണ്ടായിരുന്ന ചില പരിമിതികളാണ്. ബോസ് കൃഷ്ണമാചാരി അല്ലെങ്കില്‍ റിയാസ് കോമുവിനെപോലുള്ള അതിപ്രശസ്തരായ ചിത്രകാരന്മാര്‍ ''ഫോട്ടോ റിയലിസത്തിന്റെ'' സാധ്യതകളിലൂടെ പല പ്രമേയങ്ങളേയും അതി ശക്തമായി തന്നെ ആവിഷ്‌ക്കരിക്കുന്നതു ഞാന്‍ കാണുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോറിയലിസം എനിക്ക് വഴങ്ങാത്തതാണ്. അതുകൊണ്ടുതന്നെ എനിക്ക് കംഫര്‍ട്ടബിളായ ഒരു രീതിയില്‍ നിന്നുകൊണ്ട് പലകാര്യങ്ങളും എഫക്ടീവായി പറയുക എന്നതായിരുന്നു എന്റെ മുന്‍പിലുണ്ടായിരുന്ന ഒരു വഴി. ആ വഴിയുലൂടെ മുന്നോട്ടു പോകുമ്പോള്‍ തന്നെ എന്റേതായ പല പുതുമകളേയും ക്യാന്‍വാസിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. അത് ഫലം കണ്ടിട്ടുള്ളതായാണ് അനുഭവം. ചില ഒബ്ജക്ട്ടുകള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന പലതിനേയും ആബ്‌സന്റ് ആക്കിക്കൊണ്ടുതന്നെ അതിന്റെ സാന്നിധ്യത്തെ പറയാതെ പറയുന്ന ഒരു രീതി പലചിത്രങ്ങളില്‍ ഞാന്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ''എ പ്ലേസ് കാള്‍ട് സിറ്റി'' എന്ന ചിത്രത്തിന്റെ രണ്ടുവെര്‍ഷനുകള്‍ സൃഷ്ടിക്കുന്നത് അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമായാണ്. ഒരു തരം അബ്‌സേര്‍ഡിറ്റി യുടെ തലം ഇതില്‍ തോന്നാമെങ്കിലും കുറേക്കൂടി എഫ്ക്ടീവായി കാര്യങ്ങളെ അവതരിപ്പിക്കാന്‍ ഇതിലൂടെ ആവുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.

വര്‍ണ്ണങ്ങളിലേക്കുള്ള വഴിയിലെ ആദ്യകാല സ്വാധീനങ്ങള്‍ ആരായിരുന്നു?.

ഒരു ശരാശരി വിദ്യര്‍ത്ഥിമാത്രമായിരുന്ന ഞാന്‍ ആദ്യമായി ചിത്രകലയില്‍ കേള്‍ക്കുന്ന പേര്‍ രാജാരവി വര്‍മ്മയുടേതു തന്നെയാണ്. സുഹൃത്ത് അജിത്ത് കടും തുരുത്തിയാണ് ലോക ചിത്രകലയിലെ മാസ്റ്റര്‍മാരുടെ ചിത്രങ്ങളിലൂടെ എന്നെ കൈപിടിച്ചു നടത്തുന്നത്. ടി. കെ. പത്മിനി, കെ.സി.എസ് പണിക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങളെ പരിചയപ്പെടുന്നത് അങ്ങിനെയാണ്. കേരളത്തിലെ പ്രഗല്ഭരായ പലരേയും പരിചയപ്പെടുന്നതും സ്വാധീനിക്കുന്നതും ബി.എഫ്.എ യ്ക്ക് പഠിക്കുന്ന സമയത്താണ്. സുരേന്ദ്രന്‍ നായര്‍, എന്‍. എന്‍. റിംസണ്‍, ഷിബു നടേശന്‍, ടി. വി. സന്തോഷ്, ജ്യോതി ബസു, അലക്‌സ് മാത്യൂ, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു അങ്ങിനെ ഒരുപാടുപേര്‍. . . . ഇപ്പോള്‍ ഇവിടെ ഈ മാഹാ നഗരത്തില്‍ വന്നതിനുശേഷം ഇവരില്‍ പലരേയും പരിചയപ്പെടാനും സൗഹൃദം നേടാനുമായി. . . ഇതൊക്കെ സുകൃതമാണ്.

കേരളത്തിനെ സംബന്ധിച്ചിടത്തോളം ഒരു ചിത്രകാരന് വളരാന്‍മാത്രം വളക്കൂറുള്ള ഒരു മണ്ണല്ല ഉള്ളത് എന്ന് പരക്കെ പറയപ്പെടുന്നുണ്ട്. സുജിത്തിനെ സംബന്ധിച്ചിടത്തോളം യാത്ര പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നോ…?

എന്നെസംബന്ധിച്ചിടത്തോളം ഞാന്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണിത് ഇവിടെ എനിക്ക് എന്റെ ഇടം കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥയായിരുന്നു. തൃശ്ശൂര്‍ ബി.എഫി.എ യ്ക്ക് പഠിക്കുന്ന സമയത്താണ് ലളിത കലാ അക്കാഡമിയുടെ സ്റ്റുഡന്‍സ് അവാര്‍ഡ് എനിക്കു കിട്ടുന്നത്. ഫൈനല്‍ ഇയറില്‍ വീണ്ടും പ്രഫഷണല്‍സിനു കൊടുക്കുന്ന അവാര്‍ഡും എനിക്കു കിട്ടി. അക്കാഡമിയുടെ ഈ പ്രോത്സാഹനങ്ങളെ ഊര്‍ജ്ജമാക്കിമാറ്റാന്‍ എനിക്കു കഴിഞ്ഞു. ആത്മാവിശ്വാസമാണ് ഒരു ചിത്രകാരന്റെ കൈമുതല്‍ ഹൃദയത്തില്‍ എവിടെയൊ ഉള്ള ഒരു വലിയ മുറിവിന്റെ വേദനയാണ് അതിന്റെ ചൂടാണ് എന്റെ സര്‍ഗ്ഗാത്മകത. ഈ വേദനയെ വരയ്ക്കുക എന്നതുമാത്രമായിരുന്നു എന്റെ പോംവഴി. അതില്‍ കിട്ടിയ എല്ലാ പിടിവള്ളികളേയും വളരെ പോസിറ്റിവായി ഞാന്‍ ഉപയോഗിച്ചു.

"ആത്മവിശ്വാതക്കുറവാണ് പരേയും ഒരു പ്രത്യേക കള്ളികളിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത്" എന്ന് സുജിത്ത് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വര്‍ണ്ണങ്ങളുടെ ഈ ഇടവഴികള്‍ ഒരഭയമായിരുന്നു എന്ന് സുജിത്ത് ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നു.
ഈ രംഗത്തേയ്ക്ക് വന്നതിനുശേഷം സുഹൃത്തുക്കളും തന്റെ സര്‍ഗ്ഗാത്മകതയില്‍ സ്വാധീനിച്ചവരുമായി ഒട്ടേറേപ്പേരുണ്ട്. 'ലളിതകലാ അക്കാഡമിയുടെ സ്റ്റുഡന്‍സ് അവാര്‍ഡിന് ഞാന്‍ അയച്ച ചിത്രത്തില്‍ കുറച്ചു കാക്കകളുടെ ഭാവ വൈവിധ്യങ്ങളെയാണ് അവിഷ്‌ക്കരിച്ചിരുന്നു. അതിനു ശേഷം ഞാന്‍ വരച്ച ചില ചിത്രങ്ങളില്‍ കാക്കകള്‍ പലരീതിയില്‍ വരുന്നുണ്ട്. ഇതുകാരണം ഇന്ന് കേരളത്തിലെത്തിയാല്‍ പലസുഹൃത്തുക്കളും എന്നെ ''കാക്ക സുജിത്ത്'' എന്ന് വിളിക്കും. നാട് വിട്ട് ദേശാടനങ്ങളില്‍ മുഴുകിയതോടെ എന്റെ കാന്‍വാസിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി ആന്തരികജീവിതത്തിലും ദര്‍ശനങ്ങളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്റെ നഗരജീവിതവും പുതിയ വ്യക്തി ബന്ധങ്ങളുമാണ്. സാക്ഷി ഗാലറിയെ പ്രതിനിധീകരിച്ച് ഒരുപാട് ഷോകള്‍ ഇപ്പോള്‍ നടത്തി. ജനുവരിയില്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ''ആര്‍ട്ട് സബ്മിറ്റ്'' -ല്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

നഗരജീവിതത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന ആശയവിനിമയത്തിലെ പ്രതിബന്ധങ്ങളേയും കൊച്ചു കൊച്ചു വൈഷമ്യങ്ങളേയും സുജിത്ത് തന്റെ ക്യാന്‍വാസിലൂടെ പുതിയ മാനങ്ങള്‍ നല്‍കുന്നു. ഒരു മണ്‍ചട്ടി തലയി പൂഴ്ന്നുപോയ ഒരു നായയുടെ സ്പീട് പാറ്റേണ്‍ വ്യക്തിജീവിതത്തിലെ ചെറിയ ചില ആശയവിനിമയ പ്രശ്‌നങ്ങളെ ചിത്രീകരിക്കുന്നതെങ്കിലും സംവേദന തലത്തില്‍ ചിത്രം ഒരാഗോള പ്രശ്‌നത്തെ കൈകാര്യ ചെയ്യാന്‍ ശ്രമിക്കുന്നതുപോലൊരനുഭവം ആസ്വാദകനുണ്ടാകുന്നു. സുജിത്തിന്റെ മാസ്റ്റര്‍പീസ് വര്‍ക്കുകളിലൊന്നാണ് ''കള്‍ചറല്‍ വെഹിക്കില്‍'' എന്ന ചിത്രം സൂക്ഷമമായ കാഴ്ച ആവശ്യപ്പെടുന്ന ഈ ചിത്രം കാലം വഹിക്കുന്ന ആഗോള സാംസ്‌കാരിക ചിഹ്നങ്ങളെ അടയാളപ്പെടുത്തുന്നു. ഇത്തരം ചിത്രങ്ങള്‍ ഒരു കാഴ്ചക്കാരന്റെ മനസ്സില്‍ ഉത്പാദിപ്പിക്കുന്ന ചിന്താപ്രക്രിയകളാണ് ഒരു ചിത്രകാരന്റെ ജീവിതത്തെ ധന്യമാക്കുന്നത്'' സുജിത്ത് പറയുന്നു. ''എങ്കിലും ഒരു ക്യന്‍വാസും നിറങ്ങളും കൊണ്ട് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്നൊന്നും ഞാന്‍ വ്യാമോഹിക്കുന്നില്ല''. എങ്കിലും കാലത്തിന്റെ തനതായ മുദ്രകളിലെ ഏതൊക്കെയോ ചില അംശങ്ങളെ തന്റെ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട് എന്ന സുജിത്ത് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

2010, ഡിസംബർ 2, വ്യാഴാഴ്‌ച

മണവാട്ടിയും പുല്ലുപറിയനും വാഴും നാട്

(കുറച്ച് പഴയ ഒരു സബ്ജക്ടാണിത്. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ മൂന്നുമാസം മുമ്പുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ഒരു മുംബൈ പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയ ലേഖനം ഇവടെ ശേഖരിച്ചു വയ്ക്കുന്നു)

നുരയുന്ന കള്ളിന്റെ മണവും ലഹരിയുമുണ്ട് പാലക്കാടന്‍ കാറ്റിന്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചിറ്റൂര്‍ താലൂക്കും അതിനു തൊട്ടുകിടക്കുന്ന ആലത്തൂര്‍ താലൂക്കും, പാലക്കാടുമൊക്കെ കള്ളിന്റേയും പേരെടുത്ത കുടിയന്മാരുടേയും നാടാണ്. എന്റെ നാടായ പല്ലശ്ശനയില്‍ മൂവന്തിനേരത്ത് പനയില്‍ നിന്നിറക്കി കിട്ടുന്ന ഒന്നാന്തരം അന്തിക്കള്ളിന്റെ വീര്യം ലിക്കര്‍ഭീമന്‍ വിജയ് മല്യയുടെ മദ്യക്കമ്പനിയായ യൂബി ഗ്രൂപ്പിനു പോലും അസാധ്യം. ഞങ്ങളുടെ നാട്ടിലെ കുടിയന്മാര്‍ തലയെടുപ്പുള്ള യക്ഷിപ്പനങ്കൂട്ടങ്ങളെ ''പനങ്കാവ്'' എന്നാണ് വിളിക്കാറ്, ലഹരി ചുരത്തുന്ന പനകളോടുള്ള നന്ദിയും അടങ്ങാത്ത ഭക്തിയുമാണ് ഇവരെ ഇങ്ങിനെ വിളിപ്പിക്കുന്നത്. ഇരുളുപരക്കുമ്പൊ കാജാ ബീഡിയും ഒരു ചെറുമുട്ടിയില്‍ നിന്ന് രണ്ടു മോന്ത് കള്ളും, കുറേ നാട്ടുവര്‍ത്തമാനവും, ഇതാണ് പാലക്കാട്ടിലെ നമ്മുടെ ഏട്ടന്മാരുടെ ശാന്തസുന്ദരമായ മൂവന്തികള്‍. പല്ലശ്ശന തച്ചങ്കോട്ടില്‍ കാക്കൂര്‍ റോഡരുകില്‍ പാടത്തേക്ക് ഒതുങ്ങിമാറി നില്‍ക്കുന്ന മദാലസയായ ഒരു ഷാപ്പുണ്ട് അതിനെ പല്ലശ്ശനയിലെ കുടിയന്മാര്‍ വിളിക്കുന്ന പേര് ''പൂങ്കാവനം'' എന്നാണ്; ചെറുശ്ശേരിക്കവിതകളില്‍ ആവര്‍ത്തിക്കാറുള്ള ഒരു വാക്കാണ് പൂങ്കാവനം, നമ്മുടെ പുരാണത്തിലെ രാധാകൃഷ്ണ പ്രണയത്തിന്റെ മെയിന്‍ ലൊക്കേഷന്‍. പല്ലശ്ശനക്കാര്‍ക്ക് പൂങ്കാവനം എന്നു കേള്‍ക്കുന്നതുതന്നെ കുളിരുകേറുന്ന ഒരു ലഹരിയാണ്.

പാടത്തും പറമ്പത്തും പണിയെടുക്കുന്ന ആണും പെണ്ണുമടക്കമുള്ള കൂലിപ്പണിക്കാര്‍ മുതല്‍ ചെറുമുതലാളിമാര്‍ വരെ കുടിച്ചു തിമിര്‍ക്കുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അഭയസ്ഥാനം, അതാണ് പൂങ്കാവനം. രാത്രി ഷാപ്പ് അടയ്ക്കുമ്പോള്‍ ഷാപ്പിന്റെ വാതില്‍പ്പൂട്ടില്‍ കുടിയന്മാരെല്ലാ ഒരുമിച്ച് തൊട്ടുഴിഞ്ഞ് കുമ്പിട്ടുതൊഴുത് വിടചൊല്ലുന്ന ഒരാചാരം! വര്‍ഷങ്ങളായി ഇവിടെ നടക്കുന്നു. നാളെ വരാം മദ്യപ്പരദേവതകളെ എന്ന് മനമുരുകി താണുവണങ്ങിയാണ് ഓരോ കുടിയന്മാരും രംഗമൊഴിയുന്നത്. മുംബൈയ് പോലുള്ള വന്‍നഗരങ്ങളിലെ മദ്യവും മദിരാക്ഷിയും വില്‍ക്കുന്ന പബുകളും ബിയര്‍ പാര്‍ലറുകളും ഇതിന്റെ ഏഴയലത്തുപോലും വരില്ല.
പാലക്കാടന്‍ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് കള്ള്. കല്യാണം മുതല്‍ ചാവടിയന്തിരത്തിനും ശ്രാദ്ധമൂട്ടിനും വരെ കള്ള് ഇവിടുത്തകാര്‍ക്ക് നിര്‍ബന്ധമാണ്. പണ്ട് ഈഴവന്റെ പാടവും അവന്റെ കരിങ്കന്നുകളേയും കാക്കുന്ന നാട്ടുദൈവങ്ങളായ ''മുണ്ടിയനും'', ''മല്ലനും'' ആണ്ടിലൊരിക്കല്‍ വച്ചുകൊടുക്കുന്ന ദിവസം പൂജാ ദ്രവ്യങ്ങള്‍ക്കൊപ്പം കള്ള് കൂടി വച്ച് പൂജിച്ചിരുന്നു. കാരണമ്മാര്‍ക്കും (പിതൃക്കള്‍) കുലദൈവങ്ങള്‍ക്കും കള്ള് പ്രിയപ്പെട്ടതാണ്. പൂജയുടെ അന്ന് കുടുംബങ്ങള്‍ ഒത്തുകൂടി കുടിച്ചു മദിക്കും. ഒര്‍മ്മയുടെ വേരുകളില്‍ പുളിച്ച കള്ളിന്റെ മദം പൊട്ടുന്ന ലഹരി അരിച്ചു കയറുന്നു. . . .

ചാരായം നിരോധിച്ചതിന്റന്ന് എന്റെ നാട്ടിലെ തലമൂത്ത കൊണ്‍ഗ്രസ്സുകാര്‍ വരെ മുന്‍ മുഖ്യന്‍ അന്തോണിച്ചേട്ടനെ തെറിവിളിച്ചു. അത് അന്തക്കാലം ഇപ്പോള്‍ ചാരായം നിരോധിച്ചതിന് ആന്റണിച്ചേട്ടന് നന്ദിപറയുകയാണ് ചിറ്റൂരിലേയും നല്ലേപ്പിള്ളിയിലേയും ചെറുപ്പക്കാര്‍. കാരണം ഇന്ന് അവിടുത്തെ യുവതുര്‍ക്കികളില്‍ പലരും ചെറുകിട മദ്യരാജാക്കന്മാരാണ്. ചെറുപ്പക്കാരുടെ ഒരു സൈഡ് ബിസിനസ്സാണ് ചാരായം കടത്ത്. തമിഴ്‌നാടിന്റെ അതിര്‍ത്തി കുറിക്കുന്ന ചിറ്റൂര്‍ ഗോപാലപുരം വഴിക്കൊടുന്ന ഇരുപതോളം റൂട്ട് ബസ്സുകള്‍ വഴി അരയ്ക്കുചുറ്റും ചാരായക്കുപ്പി തിരുകി വെച്ച് അവര്‍ ചാരായ നിരോധനത്തെ അതിജീവിക്കുന്നു. റൂട്ട് ബസ്സില്‍ അധികം ചെക്കിങ്ങ് ഉണ്ടാവില്ല എന്നത് ഇവര്‍ക്ക് തുണയാവുകയാണ്. പിടിച്ചാല്‍ എമാന്മാര്‍ക്ക് ഫിഫ്ട്ടി ഫിഫ്ട്ടി കൊടുത്ത് പയ്യന്‍സ് തടിയൂരും. ഗോപാലപുരത്തു കിട്ടുന്ന ''ഗുണ്ട്'', ''മുട്ടന്‍'' എന്ന വിളിപ്പേരിലറിയപ്പെടുന്ന ചാരായക്കുപ്പികള്‍ ചുളുവിലയ്ക്ക് വാങ്ങി അവര്‍ ചിറ്റൂരും പരിസരത്തും ജീവിക്കുന്ന കൊട്ടുവടിയാശാന്മാരായ ചാരായ സ്‌നേഹികള്‍ക്ക് കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു. വട്ടച്ചെലവിനുള്ള പണവും വൈകുന്നേരം കമ്പനിയടിക്കാനുള്ള വകുപ്പും ഈ തൊഴില്‍ വഴി ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് കിട്ടുന്നുണ്ട്. വലിയ മുതല്‍മുടക്കില്ല, ഏമാന്മാരും വലുതായി ശല്യം ചെയ്യില്ല ആണ്ടിലൊ സംക്രന്തിക്കൊ വല്ലോം കൊടുത്താല്‍ മതി.

കള്ളുകുടി ഒരു പാപമാണ് എന്ന് പറയാനാവില്ല. പക്ഷെ നല്‍കുന്ന കാശിന് നല്ല കള്ള് വില്‍ക്കുന്നതിനുപകരം കണ്ണും കരളും അടിച്ചുപോകുന്ന തരത്തിലുള്ള വിഷം വില്‍ക്കുന്നത് കൊലച്ചതിയാണ് അനീതിയാണ്. സര്‍ക്കാരിന്റേയും എക്‌സൈസിന്റേയും മൂക്കിനു താഴെയാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. പാലക്കാട് കിണാശ്ശേരിലെ ഒരു ചെറിയ മിനുങ്ങു വീരനായ ശെല്‍വേട്ടന്‍ പറയുന്നു ''ഇവിടുത്തെ ചെത്തുകാര്‍ ചെത്തുന്ന മരനീരല്ല ഷാപ്പുകളില്‍ വില്‍ക്കുന്നത്. നാട്ടില്‍ കുടിയന്മാര്‍ കൂടിക്കൂടി വരുന്നു, അതിനുമാത്രമുള്ള കള്ള് ഇവിടെ ചെത്തുന്നുമില്ല. അപ്പൊ വ്യാജനുണ്ടാക്കാതെ തരമില്ല''. അപ്പൊ എല്ലാം അറിഞ്ഞുകൊണ്ടാണ് ഡെയ്‌ലി ശെല്‍വേട്ടന്‍ മിനുങ്ങുന്നത്. ബെസ്റ്റ്!!

കൃത്രിമ കള്ളുത്്പാദനം തടയുന്നതിനാണ് ഇരുപതോളം കള്ളുഷാപ്പുകള്‍ മുന്‍ ഗവണ്‍മെന്റെ് നിര്‍ത്തലാക്കിയത് എന്നാല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റെ ഈ ഷാപ്പുകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് മദ്യപാനികളോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. കുടിയന്മാരെല്ലാം വളരെ സന്തോഷിച്ചു ഒരിക്കലും തുറക്കുകയില്ല എന്നു കരുതിയ പലഷാപ്പുകളും തുറന്നു. വര്‍ദ്ധിച്ചു വരുന്ന കുടിയന്മാര്‍ക്കുവേണ്ടി ചില രാഷ്ട്രിയ ദുര്‍മ്മേദസ്സുകളുടെ ഒത്താശയോടെ വണ്ടിത്താവളത്തെയും കൊഴിഞ്ഞാമ്പാറയിലേയും രഹസ്യത്താവളങ്ങളില്‍ മെത്തനോളും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത സകലമാന മയക്കുവിദ്യയും ലയിപ്പിച്ച് കൃതൃമകള്ള് ഒരുങ്ങുന്നു. ഇതിന്റെയൊക്കെ ബാക്കിപത്രമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലുണ്ടായിരിക്കുന്ന മദ്യദുരന്തം. എട്ടൊന്‍പതു വര്‍ഷം മുന്‍പ് ഒരു ഒക്‌ടോബര്‍മാസത്തില്‍ പള്ളിവാതുക്കലില്‍ ഉണ്ടായ ദുരന്തത്തിന്റെ പുനരാവര്‍ത്തനമാണ് ഈ ദുരന്തവും.
മദ്യദുരന്തത്തിനുശേഷം പരസ്പരം കുറ്റം ചാര്‍ത്തിയും പഴിപറഞ്ഞും കുംമ്പസരിച്ചും കേരള രാഷ്ട്രിയം വിഴുപ്പലക്കുകയാണ്. കള്ളുകടത്തു വീരനായ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമസഭാ സാമാജികന് മാനസ്സാന്തരമുണ്ടാവാന്‍ മുപ്പതിലധികം ആള്‍ക്കാരുടെ ജീവനെ കാലപൂരിക്കയക്കേണ്ടി വന്നു കഷ്ടം!!!. ഇത്രയും കാലം ഈ വിദ്വാന്‍ കള്ളുകച്ചവടം പാല്‍ക്കച്ചവടത്തെക്കാള്‍ ഉദാത്തമായി കണ്ടയാളാണ്. ഏതൊരു വേദിയിലും തന്റെ കുടുംബത്തിന്റെ കള്ളുവില്‍പനയിലെ പാരമ്പര്യശുദ്ധിയെ ഉദ്‌ഘോഷിച്ചയാളാണ്.
മറ്റുജില്ലകളിലേക്കുള്ള കള്ളൊഴുക്കിന്റെ മഹാധമനികളായ തത്തമംഗലത്തെ പള്ളിമുക്കിലും അണിക്കോട്ടും ഡി. വൈ. എഫ്. ഐ., യൂത്ത്‌കൊണ്‍ഗ്രസ്സ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണിപ്പോള്‍. ജനം ഭീതിയിലാണ് എപ്പോഴും എന്തും സംഭവിക്കാം എന്ന അവസ്ഥ. കേരളത്തെ നടുക്കിയ ദുരന്തം നടന്നത് മലപ്പുറം ജില്ലയിലായിരുന്നെങ്കിലും ചിറ്റൂരില്‍ നിന്നെത്തിയ കള്ളാണ് അവിടെ വിതരണം ചെയ്യപ്പെട്ടിരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് പാലക്കാട്ടിലെ കള്ളു വ്യവസായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഭരണപക്ഷം.

പല്ലശ്ശനയിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചെത്തുതൊഴിലാളി പറയുന്നു ''ഇവിടുത്തെ ഷാപ്പുകളില്‍ വില്‍ക്കപ്പെടുന്ന ''പടയപ്പ'' ''ആനമയക്കി'' എന്നൊക്കെയുള്ള ഓമനപ്പേരിലറിയപ്പെടുന്ന കൃതൃമകള്ളിന് അടിമയാണ് പനകയറ്റക്കാരനായ ഞാന്‍ പോലും. സ്വയം ചെത്തിയ കള്ള് ഷാപ്പുകാരന്റെ കളക്ഷന്‍ ഏജന്റിന് കൊടുത്ത് കാശുവാങ്ങിച്ച് ആ കാശു കൊടുത്ത് ഞാന്‍ ഷാപ്പുകാരന്റെ ഈ ആനമയക്കി വാങ്ങികുടിക്കുന്നു. ഇതു കുടിച്ചില്ലെങ്കില്‍ അന്തിയാവുമ്പോ കയ്യിനും കാലിനും ഒരു വെറയല്‍ വരും''. സര്‍ക്കാര്‍ നടത്തുന്ന ലക്കുകെട്ട മദ്യവ്യവസായത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ പല്ലശ്ശനക്കാരന്‍. ഇതുപോലെ അനേകംപേര്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്്. കള്ളുഷാപ്പുകളില്‍ വില്‍ക്കുന്ന വ്യജനെ കണ്ടാല്‍ കള്ളുചുരത്തുന്ന തെങ്ങുകള്‍ തലതല്ലിക്കരയും അമ്മാതിരി അധര്‍മ്മമാണ് നാട്ടില്‍ നടക്കുന്നത്. ''പടയപ്പ'' എന്നുപേരുള്ള രജനികാന്ത് ചിത്രത്തില്‍ കാറുമായി കഥാനായകന്‍ ആകാശ യുദ്ധം ചെയ്യുന്ന രംഗങ്ങള്‍ ഉണ്ട് ഇതിന്റെ ഊറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് പാലക്കാടന്‍ വ്യാജകള്ളിന് പടയപ്പ എന്ന പേരു വന്നത്. പിന്നെയുമുണ്ട് ഒരുപാട് പേരുകള്‍. തൃശ്ശൂരിലും അതിര്‍ത്തിപ്രദേശങ്ങളിലും ഈ വ്യാജന്‍ അറിയപ്പെടുന്നത് ''മണവാട്ടി'' എന്ന പേരിലാണ് കാരണം എവന്‍ അകത്തു ചെന്നാല്‍ കുടിയന്റെ ശിരസ്സ് പുതുമണവാട്ടിയെപ്പോലെ നാണിച്ച് തലതൂങ്ങികിടക്കും. പിന്നെ ഒരു പേരുള്ളത് ''പുല്ലുപറിയന്‍'' എന്നാണ് കുടികഴിഞ്ഞാല്‍ ടിയാന്‍ നിലത്തു കമഴ്ന്നുകിടന്ന് പുല്ലു കടിച്ചു പറിക്കാന്‍ സാദ്ധ്യതയുണ്ട് അതുകൊണ്ടാണ് പുല്ലുപറിയന്‍ എന്നപേരില്‍ ഈ വ്യാജന്‍ അറിയപ്പെട്ടത്. കൂടാതെ ''ആപ്പ്'', ''വാണം'', തുടങ്ങി ദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് പേരുകള്‍ അനവധി. ഇതൊന്നും കൂടാതെയാണ് കുത്തന്നൂരിലും മുപ്പുഴിയിലും ചിതലിയിലെ മലയപ്പോതി മലയുടെ സമീപ പ്രദേശങ്ങളിലും രഹസ്യമായി വാറ്റുന്ന ''കൊട്ടുവടി'' എന്നറിയപ്പെടുന്ന അസ്സല്‍ നാടന്റെ വിലസ്സല്‍. നാട്ടില്‍ നിന്ന് ഇപ്പോള്‍ കിട്ടിയ വിവരം ചില വാറ്റുകാരെ മാസപ്പടിയുടെ നന്ദി മറന്ന് എക്‌സൈസുകാര്‍ പൊക്കി എന്നാണ്. നാലഞ്ചു കന്നാസുകളോടെ പേരിന് ചിലരെ പിടിച്ചകത്തിട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു.

നാടന്‍ വാറ്റൊക്കെ പണ്ട്; ഇപ്പോ ആര്‍ക്കാ വാറ്റാനും വഴറ്റാനുമൊക്കെ നേരം. ചിറ്റൂരും കൊഴിഞ്ഞാമ്പാറയിലുമുള്ള കലക്കു വിദ്വന്മാരുടെ റസിപ്പി പ്രകാരം ഊറ്റിയെടുക്കുന്ന ''കണ്ണമ്പി'' (കുടിച്ചാല്‍ കണ്ണുപോകുന്ന) ഉണ്ടാക്കുന്നതിലാണ് വാറ്റുകാര്‍ക്ക് താല്‍പര്യം ഈ ഐറ്റം കൂടുതല്‍ ലാഭകരമാണ് ഇവര്‍ക്ക്.
''മൂലവെട്ടിയും'', ''ധോണീവാക്കറും'' (ഒലവക്കോട് ധോണിഭാഗത്തുണ്ടാക്കുന്ന നാടന്‍ വാറ്റ്) മദ്യസ്‌നേഹികളുടെ കുടുംബം വാഴുമ്പോള്‍ കല്ലുവാതിക്കലും, വണ്ടൂര്‍ ദുരന്തങ്ങളും തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴത്തെ ഈ ബഹളങ്ങളൊക്കെ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കേരളത്തിലെ കള്ളുഷാപ്പുകളും ബീവറേജു കൊര്‍പ്പറേഷനും വീണ്ടും സജീവമാകും. അന്തിയോളം അധ്വാനിച്ചു കിട്ടുന്ന വേതനത്തിലെ ഒരംശമെടുത്ത് ഒന്നു മദ്യപിച്ച് വല്ലിടത്തും ഒന്നുമയങ്ങാം എന്ന് മോഹിച്ചു വരുന്ന നിരപരാധികളുടെ ജീവനെടുക്കുന്ന ''കലക്കല്‍'' വിദഗ്ദന്മാരുടെ കൈയ്യബദ്ധം ഇനിയും ഇവിടെ ആവര്‍ത്തിക്കും. ഓരോ ദുരന്തങ്ങള്‍ക്കു ശേഷവും പത്രങ്ങള്‍ക്ക് ആഘോഷിക്കാന്‍ മണിച്ചന്മാരുടേയും ദ്രവ്യന്മാരുടെയും സസ്‌പെന്‍സ് പിന്നാമ്പുറക്കഥകള്‍ ഉണ്ടാവും. അടുത്ത മദ്യ ദുരന്തം ഉണ്ടാകും വരെ നമുക്ക് വല്ല നേരംമ്പോക്കും വേണ്ടേ!!
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.