2016, ഏപ്രിൽ 17, ഞായറാഴ്‌ച

ഫാസിസത്തിന്റെ ഇന്ത്യന്‍ വെര്‍ഷന്‍ 'മേക്ക് ഇന്‍ ഇന്ത്യ' യിലൂടെ

കാലം തിരിഞ്ഞുകടിക്കുകയാണ്. ഉടുക്കാത്തവന്റെ തലേക്കെട്ടുപോലെ നമ്മളെ പരിഹസിക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ അനാചാരങ്ങളെ നമ്മള്‍ ആശ്ലേഷിച്ചു തുടങ്ങിയിരിക്കുന്നു. ജാതിബോധവും മതബോധവും മുഖ്യധാരയില്‍ വന്ന് പ്രബലമാകുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' വഴി ഫാസിസത്തിന്റെ ഏറ്റവും പുതിയ പ്രോഡക്ട് നരേന്ദ്രമോഡി അവതരിപ്പിച്ചുകഴിഞ്ഞു. രാജ്യസ്‌നേഹത്തിന്റെ ഫ്്‌ളേവറില്‍ ഭംഗിയായി പായ്ക്കു ചെയ്ത് ഈ ഉത്പന്നം അതിവേഗം വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. പ്രൈംടൈമില്‍ ചാനല്‍ ശ്വാനന്മാര്‍ ടിആര്‍പി കൂട്ടാന്‍ രാജ്യസ്‌നേഹം കുരച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നവന്റെ തലയ്ക്ക് വിലയിടുന്നു. പുരോഗമന ചിന്തകള്‍ ഇനി വേണ്ട, അതു പറയുന്നവരൊക്കെ രാജ്യദ്രോഹികളാണെന്ന് വന്നിരിക്കുന്നു. ജെഎന്‍യു കാമ്പസ്സിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിട്ട പോലീസ് നടപടിയും ഭരണത്തിലിരിക്കുന്ന സാംസ്‌കാരിക പോലീസുകാരുടെ സമീപനവും തെളിയിക്കുന്നത് അതാണ്. അതോടൊപ്പം അഖണ്ഡഭാരതം എന്നതിനായി നിലകൊള്ളേണ്ടത് ഓരോ പൗരന്റേയും ഭരണഘടനപരമായ കര്‍ത്തവ്യമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്. നമ്മുടേത് അയവുള്ള ഒരു ഭരണഘടനയാണ്. അത് ഈ രാജ്യത്ത് വിമത സ്വരം കേള്‍പ്പിക്കാനുള്ള സ്വാതന്ത്ര്യംപോലും നല്‍കുന്നുണ്ട്. മറ്റൊരു രാജ്യത്തുമില്ലാത്ത വളരെ ജനാധിപത്യപരമായ ഒരു മൂല്യമാണ് നമ്മുടെ ഭരണഘടന നമ്മുക്ക് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അഫ്‌സല്‍ ഗുരുവിനെപ്പോലെയുള്ള ഒരു തീവ്രവാദിയുടെ ക്യാപ്പിറ്റല്‍ പനിഷ്‌മെന്റ് ഒരു 'ജുഡീഷ്യല്‍ കില്ലിങ്ങ്' ആണെന്ന് പറയുന്നതും ഒരു തരത്തില്‍ സ്വാതന്ത്ര്യം തന്നെ. പക്ഷെ അഫ്‌സല്‍ ഗുരുതന്നെ ഒരു സ്വാകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ താന്‍ ഒരു കുറ്റവാളിയാണെന്നും നമ്മുടെ ജനാധിപത്യത്തിന്റെ മഹനീയ ക്ഷേത്രമായ പാര്‍ലമെന്റ് ആക്രമിച്ച രീതിയൊക്കെ വിശദമായി പറയുന്നുണ്ട്. അഫ്‌സല്‍ ഗുരു ഒരു തീവ്രവാദിയാണെന്ന് വിശ്വസിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. മുംബൈ ഭീകരാക്രമണ കേസില്‍ പടിക്കപ്പെട്ട അജ്മല്‍ കസബിനെ തൂക്കിക്കൊന്നപ്പോള്‍പോലും കുറ്റവാളിയുടെ മനുഷ്യാവകാശത്തെപ്പറ്റി ഇവിടെ പലരും ചര്‍ച്ചചെയ്തിരുന്നു. അഫ്‌സലിന്റെ വധ ശിക്ഷ നടപ്പാക്കി ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടുകാരെ അറിയിച്ചത് എന്നതിനേയും നമ്മള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അപലപിച്ചു. ഇതൊക്കെ ഇന്ത്യയില്‍ സാധ്യമാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം, സ്വാതന്ത്ര്യം. ഈ രാജ്യത്തെ മറ്റൊരു താലിബാനാക്കാനാണ് ഇപ്പോള്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. വിമത സ്വരമുയര്‍ത്തുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയ്ക്കകത്താക്കുക. ഞങ്ങള്‍ പറയും അതാണ് രാജനീതി എന്ന ധാര്‍ഷ്ട്യം. ജെ.എന്‍.യു.വില്‍ കണ്ണയ്യ നടത്തിയ പ്രസംഗം നമ്മളൊക്കെ കേട്ടതാണ്. രാജ്യദ്രോഹപരമായ ഒരു പ്രസ്ഥാവനപോലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ കാമ്പസ്സുകളില്‍ നിന്ന് ഇതുപോലെ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ ഉയര്‍ന്നുവരിക എന്നത് ഇനി അസാധ്യമായൊരു സംഗതിയാണെന്ന് എനിക്കു തോന്നുന്നു. പക്ഷെ ഇന്ത്യയെ പതിമൂന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കാന്‍ പുതു തലമുറയില്‍ നിന്ന് നവ ഇടതുപക്ഷ പോരാളികള്‍ ഉയര്‍ന്നുവരുന്നു എന്നത് ആശാവഹമാണ്. ഇപ്പോള്‍ സംഘപരിവാര്‍ ഉയര്‍ത്തുന്നത് ഫാസിസത്തിന്റെ പുതു 'മോഡി'യാണ്. ഞങ്ങള്‍ മാത്രമാണ് രാജ്യസ്‌നേഹികള്‍ എന്നുപറയുമ്പോഴും സ്വന്തം രാജ്യത്തിലെ ജനാധിപത്യത്തിന്റെ അന്തസത്തയേയും പാരമ്പര്യത്തേയും ഹിന്ദുമത പ്രീണനത്തിനുവേണ്ടി നശിപ്പിക്കുകയാണ്. ബീഫു തിന്നുവനെ തല്ലിക്കൊല്ലുന്നു, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ സംഘടിതമായി നേരിടുന്നു. അടിയന്തിരാവസ്ഥയെക്കാളും ഭീകരമായ ഒന്നിലേക്കാണൊ നമ്മള്‍ പോകുന്നത്?
മത സാഹോദര്യത്തിന്റെ സന്തുലതമായ സാഹചര്യങ്ങളെ തകര്‍ക്കുന്നതിനേയും ജനാധിപത്യത്തെ പുഴുക്കുത്താക്കി നശിപ്പിക്കുന്നതിനെയും നമ്മള്‍ കാണാതിരുന്നുകൂടാ. വര്‍ഷങ്ങളോളം സെക്യുലറിസത്തെ വ്യഭിചരിച്ച, നൂറുകണക്കിന് സിക്കുകാരെ കലാപത്തിലൂടെ കൊന്നുതള്ളിയ കോണ്‍ഗ്രസ്സും, രാമജന്മഭൂമിയുടെ പേരില്‍ മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും, ഗോദ്രയുടെ പേരില്‍ ഗുജറാത്തിലും കാലപങ്ങള്‍ നയിച്ച സംഘപരിവാരങ്ങളും ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ്. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കുവേണ്ടി ജാതി മത സ്പര്‍ദ്ദകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യത്യസ്തരല്ല. നായക്കാട്ടം നാലാക്കി മുറിച്ചിട്ട് ഇതില്‍ ഏതാണ് നല്ലത് എന്നു ചോദിച്ചാല്‍ നമ്മള്‍ എന്തുത്തരം നല്‍കും. അതാണ് ഇന്ത്യിലെ രാഷ്ട്രീയ കക്ഷികള്‍ എന്നായിരിക്കുന്നു!
'മതമില്ലാത്ത ജീവനെ' ജാതിയുടെ ചാപ്പകുത്തുന്ന ഇടമായി മാറ്റിയതിന് ഇവിടുത്തെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദികളാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എല്ലാതരത്തിലുള്ള സ്വാധീനങ്ങളില്‍ നിന്നും മോചിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതനിരപേക്ഷത പഠിപ്പിക്കുന്ന, ജനാധിപത്യ സംസ്‌കാരം പഠിപ്പിക്കുന്ന, സ്വതന്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്ന ഒരിടമാക്കി നിലനിര്‍ത്താന്‍ ഇവിടുത്തെ ഭരണകൂടം തയ്യാറാകുമൊ. അങ്ങിനെ ചെയ്താല്‍ പൊള്ളയായ രാഷ്ട്രീയ വിഗ്രഹങ്ങളെ നോക്കി അനുകൂല മുദ്രാവാക്യം വിളിക്കാനും പൂവാരിയെറിയാനും പിന്നെ ആരും ഉണ്ടായി എന്നുവരില്ല. ചോദ്യം ചോദിക്കാനും ഉത്തരങ്ങള്‍ക്കുവേണ്ടി സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനെ പേടിക്കുന്ന ചിലര്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുണ്ട്. ഫാസ്റ്റുഫുഡ്ഡും ഐഫോണും കൊടുത്ത് യൂണിഫോമിടീച്ച് സ്‌കൂള്‍ ബസ്സില്‍ കയറ്റിയയച്ചിട്ടും ഈ തലമുറയിലെ ചിലരെങ്കിലും മന്ദബുദ്ധികളായില്ല. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് കന്നയ്യയെപ്പോലെ ചില വിപ്ലവകാരികള്‍ മുഷ്ടിചുരുട്ടി അധികാരദുഷിപ്പുകളെ ചോദ്യം ചെയ്യുന്നു. അതിന്റെ അമ്പരപ്പാണ് സംഘപരിവാര്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. 'സംഘിവത്ക്കരിച്ച രാജ്യസ്‌നേഹമെന്ന രാസായുധമുപയോഗിച്ച് എത്രകാലം ഈ സര്‍ക്കാര്‍ ഇവരെ നേരിടും... കാത്തിരുന്നു കാണാം....
കര്‍മ്മയോഗവും ആത്മീയതയും
മലതുരക്കുന്ന ഒരു വൃദ്ധന്റെ ഒരു പഴയ സെന്‍ കഥയുണ്ട്. കഠിനമായ വന്‍മല കയറിയിറങ്ങി കാട്ടുവഴികളിലൂടെ ദൂരെയുള്ള തീര്‍ത്ഥാനടകേന്ദ്രത്തിലേക്ക് അവശരായി യാത്രചെയ്യുന്ന തീര്‍ത്ഥാടകര്‍ക്കായി ഒരു തുരങ്കം പണിയാന്‍ സ്വയം നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വൃദ്ധന്‍. ഇത്രയും വലിയൊരു പര്‍വ്വതത്തിനുള്ളിലൂടെ ഒരു തുരങ്കം നിര്‍മ്മിക്കാനായി രാവും പകലും അദ്ധ്വാനിക്കുന്ന വൃദ്ധനെക്കണ്ട് വഴിയാത്രക്കാര്‍ പരിഹസിച്ചു. 'ഈ തുരങ്കം പത്തടിയെങ്കിലും ഏത്തുമ്പോഴേക്കും ഈ വൃദ്ധന്‍ മരിച്ചുപോകും' പലരും വൃദ്ധനെ വിഢിക്കിഴവനായി കരുതി പരിഹസിച്ചു. ഒരു മഹാധ്യാനംപോലെ വലിയ കട്ടപ്പാരയും ചുറ്റികയുംകൊണ്ടുള്ള ഓരോ ഇടിയിലും തകര്‍ന്നുവീഴുന്ന പാറക്കഷ്ണങ്ങള്‍ കാണ്‍കെ വൃദ്ധന്റെ ആത്മീയത മൂര്‍ഛിച്ചു വന്നു. തന്റെ പൂര്‍വ്വപാപങ്ങളില്‍ നിന്ന് മുക്തിതേടി തന്റെ ജീവിത സായാഹ്നത്തില്‍ സമൂഹ നന്മയ്ക്കുവേണ്ടി ഒരു തുരങ്കമുണ്ടാക്കാന്‍ പുറപ്പെട്ട ഈ പടുവൃദ്ധന്‍ സത്യത്തില്‍ വിഢിയായിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്ധ്വാനത്തിലും അര്‍പ്പണത്തിലും കൗതുകം തോന്നി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലുന്നു. ജരാനരകള്‍ ബാധിച്ച് പ്രായാധിക്യംകൊണ്ട് ക്ഷീണിച്ച്് മരിക്കാറായ താങ്കള്‍ ഒരു മനുഷ്യായുസ്സുകൊണ്ട് അസ്സാധ്യമായ ഈ ഒരു വലിയ ദൗത്യം എറ്റെടുത്തു ചെയ്യുന്നത് എന്തിനാണെന്ന് യുവാവ് ചോദിക്കുന്നു. അതിന് വൃദ്ധന്റെ മറുപടി 'ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തന്റെ ഈ ചുറ്റിക ഏറ്റുവാങ്ങാന്‍ തക്കതായ, കരുത്തുറ്റ കരങ്ങള്‍ ഞാന്‍ മരിക്കുന്നതിനുമുന്നെ വന്നുചേരുമെന്ന ശുഭപ്രതീക്ഷയാണ് തന്നെ തളരാതെ നിലനിര്‍ത്തുന്നത്' എന്നാണ്. വൃദ്ധന്റെ കര്‍മ്മോപാസനയിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയത കണ്ട് ആദരവും ബഹുമാനവും തോന്നിയ യുവാവ് വൃദ്ധനൊപ്പം ചേരുകയും, വൃദ്ധന്റെ മരണശേഷവും ഒറ്റയ്ക്ക് ലക്ഷ്യപ്രാപ്തിക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരുന്നു എന്നതാണ് സെന്‍കഥയുടെ രത്‌നച്ചുരുക്കം.
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍ - എന്ന് വൈലോപ്പിള്ളി പാടുന്നതും ഈയൊരു കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെ ആവാഹിച്ചുകൊണ്ടാണ്. കവാബത്ത യാസുനാറിയുടെ 'മലയുടെ ശബ്ദം' എന്ന ജാപ്പനിസ് നോവലും ഇതുപോലൊരു പ്രമേയത്തിലൂടെ കടന്നുപോകുന്നുണ്ട്. സ്വന്തം കര്‍മ്മമാണ് നമ്മുടെ ആത്മീയത. എന്നും അതിരാവിലെ ഏഴുന്നേറ്റ് പശുക്കളെ കറന്ന് പാലുമായി പല്ലശ്ശനയിലെ ഒരു പാല്‍സൊസൈറ്റിയില്‍ വെയില്‍പൂക്കുന്നതിനുമുന്നെ പോയിവന്നിരുന്ന എന്റെ മുത്തച്ഛനില്‍ നിന്നു തുടങ്ങുന്ന കര്‍മ്മ പാശങ്ങളിലെ ആത്മീയത, ജീവിത പാഠങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു. നമ്മുടെ കര്‍മ്മങ്ങളും ബന്ധങ്ങളുമൊക്കെ ഇപ്പോള്‍ ഓഫീസിലെ ഏട്ടുമണിക്കൂറില്‍, ഇന്‍ അന്റ് ഓട്ട് പഞ്ചിന്റെ ഇടവേളകളില്‍ നേരംകൊല്ലികളായി തീര്‍ന്നിരിക്കുന്നു.
പൂര്‍വ്വഭാരങ്ങളില്ലാതെ....
പൂര്‍വ്വഭാരങ്ങളില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. ചരിത്രഭാരങ്ങളില്ലാത്ത കഥകള്‍, കവിതകള്‍, സിനിമകള്‍... ഇതുകൊണ്ട് എന്താണ് ഒരു കുഴപ്പം എന്ന് സ്വയം ചോദിച്ചാല്‍ കുഴപ്പമുണ്ട് എന്നാണ് എന്റെ ഉത്തരം. എല്ലാം എന്തിന്റെയെങ്കിലും തുടര്‍ച്ചയാകണം എന്ന് എന്തിനാണ് ഇത്ര നിര്‍ബന്ധം? എന്ന് നിങ്ങള്‍ ചോദിച്ചോളൂ.... ഞാന്‍ ഈ ലോകത്തിന്റെ 'തുടര്‍ച്ച'യാണ് എന്ന ബോധത്തെ എത്രവലുതായാലും എനിക്കു നിഷേധിക്കാന്‍ കഴിയില്ല. ഈയിടെ അന്തരിച്ച മഹാകവി ഒ.എന്‍.വി കുറുപ്പ് വൈലൊപ്പിള്ളിയുടെ എഴുത്തിന്റെ ഒരു തുടര്‍ച്ചയാണ്. വൈലോപ്പിള്ളിക്കവിതയുടെ കാവ്യപാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തുനിന്ന് എഴുതി മറയുമ്പോഴും ഒ.എന്‍.വി. കാവ്യലോകത്ത് മൗലികമായ ഒരു മുദ്ര ഉണ്ടാക്കി. ഒ.എന്‍.വിയുടെ കവിതയില്‍ വൈലൊപ്പിള്ളിമാത്രമല്ല ആശാനും ജീ ശങ്കരക്കുറുപ്പും ഇടശ്ശേരിയുമുണ്ട്. അതോടൊപ്പംതന്നെ ഒ.എന്‍.വി. മലയാളത്തിലെ ഒരു കാവ്യ സംസ്‌കാരത്തിന്റെ പേരാണ് എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാനുമാവില്ല. 'മൃതിയുടെ കറുത്ത വിഷപുഷ്പം പടര്‍ന്നതിന്‍ നിഴലില്‍ നാളെ നീ മരവിക്കെ, ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെ അവശേഷിക്കയില്ല, ആരും, ഈ ഞാനും, ഇതുനിനക്കായ് കുറിച്ചിടുന്നു.' എന്ന് ഭൂമിക്കു ചരമഗീതമെഴുതി വച്ച് കാവ്യലോകത്തിന്റെ സിംഹാസനംവിട്ടു പറന്നുപോയ സ്‌നേഹപ്പക്ഷിക്ക് എന്റെ ആദരം.
പാരമ്പര്യനിഷേധം ചിലഘട്ടങ്ങളില്‍ ആവശ്യമാണ്. അപ്പോഴും ഈ ഞാന്‍ ഒരു 'തുടര്‍ച്ച'യാണ് എന്ന ആത്മബോധത്തിന് ഇളക്കം തട്ടരുത്. സ്വന്തം രചനയില്‍ എന്നും പുതു വഴി വെട്ടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന എനിക്കിഷ്ടപ്പെട്ട ഒരു കവിസുഹൃത്തിന് ഞാന്‍ കൊടുത്തൊരു ഉപദേശമുണ്ട്. 'സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടി സ്വന്തം രചനയില്‍ രൂപപരമായ ഏത് വിപ്ലവങ്ങളും കൊണ്ടുവരാം. തലതരിച്ചെഴുതാം. വാനയനക്കാരെ വെള്ളംകുടിപ്പിക്കാം, ഇന്നുവരെ കാവ്യലോകം കണ്ടിട്ടുള്ള എല്ലാ മാതൃകകളേയും തച്ചു തകര്‍ക്കാം, ഞാണില്ലാതെ ഞാണിന്മേല്‍ നടക്കുകയുമാകാം. കാവ്യലോകത്ത് സ്വന്തം വഴിവെട്ടിയവന്‍ എന്ന് നിങ്ങളെ ഞാനടക്കം പലരും വിശേഷിപ്പിച്ചേക്കാം. പക്ഷെ നിങ്ങള്‍ വെട്ടിയ വഴിയില്‍ നിങ്ങള്‍മാത്രം നടക്കുകയാണെങ്കില്‍, അതിനെ 'വഴി' എന്നുവിളിക്കാന്‍ ആകില്ല. നിങ്ങള്‍ക്കു ശേഷം ഒരു തലമുറയെ അതിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുന്നതാവണം നിങ്ങളുടെ വഴി. നിങ്ങള്‍ക്കു ശേഷം ആരും നടക്കാത്ത വഴി അധികം വൈകാതെ പുല്ലും കൊടിത്തൂവയും മൂടും. അങ്ങിനെയാവരുത്' എന്ന് ഞാന്‍ ഉപദേശിച്ചു. അദ്ദേഹത്തിന്റെ വഴിയില്‍ അദ്ദേഹംപോലും ഇപ്പോള്‍ നടക്കുന്നുണ്ടൊ എന്നറിയില്ല...
നിത്യചൈതന്യയതി
നിത്യചൈതന്യയതി ഒരു ദാര്‍ശനികനായിരുന്നു. മതങ്ങളുടെ വിശുദ്ധിയും വിഴുപ്പും ഒരുപോലെ തിരിച്ചറിയുകയും തന്റെ പ്രബോധനങ്ങളില്‍ മതനിരപേക്ഷമായ ആത്മീയ ജീവിതത്തെ ഉദ്‌ഘോഷിച്ച മഹാ സന്യാസി. അദ്ദേഹത്തിന്റെ 'ദൈവത്തിന്റെ പൂന്തോട്ടം' എന്ന കൃതി അദ്ദേഹത്തിന്റെ അപ്രകാശിതമായ ലേഖനങ്ങളുടെ സമാഹാരമാണ്. ജീവിതം, ഗുരു, ദര്‍ശനം, ദൈവം, മതം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ തന്റെ സ്വതന്ത്രചിന്തയിലൂടെ എക്കാലത്തും നിലനില്‍ക്കാവുന്ന ദാര്‍ശനിക നിലപാടുകള്‍ വ്യക്തമാക്കുന്നു. യതി പറയുന്നു 'മിക്കയാളുകള്‍ക്കും അവരവരുടെ മതം നല്ലതാണെന്നോ ചീത്തയാണെന്നോ മാത്രമെ അറിയാവു. എന്നാല്‍ എനിക്കാകട്ടെ, റോമന്‍ കത്തോലിക്ക സഭ മുതല്‍ പഴയ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവരെയുള്ള മതങ്ങളുടെയെല്ലാം ചൂഷണ സമ്പ്രദായം ഒരുപോലെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇതുവരെയുണ്ടായ മതങ്ങളെയെല്ലാം തച്ചുടച്ചു കളഞ്ഞിട്ട് പുതിയ ഒരു സംസ്‌കാരം ഉണ്ടാക്കാം എന്നുപറയുന്നത് സഹാറ മരുഭൂമിയും ഗോബി മരുഭൂമിയും അറേബ്യന്‍ മണല്‍ക്കാടും രാജസ്ഥാന്‍ മരുഭൂമിയും മാറ്റിക്കളഞ്ഞിട്ട് പുതിയ ഒരു മരുഭൂമി ഉണ്ടാക്കാമെന്നു പറയുന്നപോലെയേ എനിക്കു തോന്നുകയുള്ളു'.
മതരഹിതമായ സമൂഹം യതിക്ക് സങ്കല്‍പങ്ങള്‍ക്കുമപ്പുറമായിരുന്നു. പക്ഷെ മതം ചൂഷണോപാധിയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഞാന്‍ ഹിന്ദുവാണ്, മുസ്ലീമാണ്, ക്രിസ്ത്യാനിയാണ് എന്നുവിളിച്ചുപറയുന്നവന്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തവനാണ്. മതവും രാഷ്ട്രീയവും ഇടകലര്‍ന്നുകിടക്കുന്ന അവിശുദ്ധമായ ചൂഷണ വ്യവസ്ഥകളെ യതി അപലപിക്കുന്നുണ്ട് ഈ കൃതിയില്‍.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനത്തെക്കുറിച്ച് യതി പറയുന്നതിങ്ങനെ 'സ്വപ്‌ന സ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പോലീസ് പരിശോധന വേണ്ടായെങ്കില്‍, നമ്മെയൊക്കെയും പെറ്റുവളര്‍ത്തിത്തന്ന സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്നു കരുതുന്നവര്‍ക്കു മനോരോഗമാണ്. ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്മാര്‍ എല്ലാം പെണ്ണുപെറ്റുണ്ടാ യിട്ടുള്ളവര്‍തന്നെയാണ്'.
വൈദികകാലം മുതല്‍ ഇങ്ങോട്ട് സ്ത്രീയോടു കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നേക്കുമായി നമ്മുടെ നാട്ടില്‍നിന്നു തുടച്ചുമാറ്റേണ്ട കാലമായി എന്ന പ്രസ്ഥാവനയ്ക്ക് അടിവരയിടുന്നു.
മതബോധത്തിന്റെ അഴുക്കും മെഴുക്കും അലക്കിവെളുപ്പിക്കുന്നതാണ് യതിയുടെ ചിന്തകളും ദര്‍ശനങ്ങളും. വിമോചന ദൈവശാസ്ത്ര ത്തെക്കുറിച്ചും കറകളഞ്ഞ വിശ്വാസത്തെക്കുറിച്ചും യതി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ എക്കാലത്തും പുനര്‍വ്വായനകള്‍ അര്‍ഹിക്കുന്നതാണ്.
ഏഴു വിഭാഗങ്ങളിലായി 52 ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത് സുള്‍ഫിക്കര്‍ ആണ്. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും മറ്റു പല വിഷയങ്ങളെക്കുറിച്ചും പുതിയൊരു ഉള്‍ക്കാഴ്ച്ച നല്‍കുന്ന പുസ്തകം.
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
താഴ്‌വാരങ്ങളില്‍ തിങ്ങിക്കൂടി നില്‍ക്കുന്ന വെളുത്ത മേഘങ്ങളെ നോക്കിനില്‍ക്കെ അത് പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപംമാറുന്ന ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവെച്ചൊ നഷ്ടപ്പെടുന്നു. ദിവാസ്വപ്‌നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന കാലങ്ങളില്‍ മനസ്സിലെ വെള്ളിത്തരിയില്‍ വന്നുപോയ ചിത്രങ്ങള്‍. ലക്കും ലഗാനവുമില്ലാത്ത സ്വപ്‌നങ്ങളെ, മായിക ഭാവനകളെ, ഭാഷയില്‍ ആവാഹിക്കുക അസാധ്യമാണെന്നു തോന്നിയിരുന്നു. എത്ര എഴുതിയിട്ടും സ്വപ്‌നങ്ങളുടെ വിചിത്രമായ നിലാവിന്റെ വിളറിയ ഒരു ചിത്രംപോലും വാഗ്മയങ്ങള്‍കൊണ്ട് വരയ്ക്കാന്‍ കഴിഞ്ഞിരിക്കില്ല പലര്‍ക്കും. എന്നാല്‍ ഇന്ദു മേനോന്‍ എന്ന കഥാകാരിക്ക് അത് സാധിക്കും. ഒരു മൗലിക മുദ്ര ഈ എഴുത്തുകാരി എഴുതുന്ന ഓരോ വരിയിലുമുണ്ട്.
ഇന്ദു മേനോന്റെ 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' ബെല്ലും ബ്രേക്കുമില്ലാത്ത ഭാവനയുടെ സെപിയാ ചിത്രങ്ങളാണ്. വ്യക്തമായ ഒരു പദ്ധതിയുമില്ലാതെ ഭാവനയുടെ വഴിയെ ഒഴുകിപ്പോകുന്ന ഒരു നോവലാണിത്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ 'മുങ്ങിച്ചത്ത' ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റേയും, പ്രണയം മറന്ന് പ്രലോഭനങ്ങളുടെ ധനാസക്തിയകളിലേക്ക് സ്വയം ഒഴുകിപ്പോയി മുങ്ങിമരിച്ചവരുടെയും കഥയാണ് ഈ നോവല്‍. ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നത് ഭാവനയുടെ രാഷ്ട്രീയമാണ് എഴുത്തിന്റെ സ്വാതന്ത്ര്യമാണ്. ദ്വീപുകള്‍ കടലെടുക്കപ്പെടുന്നത് പ്രണയത്തിന്റെ ലയവും താളവും മുറിയുമ്പോഴാണെന്ന് നോവല്‍ ഒടുവില്‍ പറയാതെ പറയുന്നുണ്ടെങ്കിലും ഈ നോവല്‍ വെറുമൊരു പ്രണയപുസ്തകമല്ല. ഒരു സന്ദേശ കഥയുമല്ല. മായികമായ സ്വപ്‌നങ്ങളുടെ ലോകത്ത് സ്വയം ഒഴുകിപ്പോയ ഒരു ഉന്മാദിയുടെ മാനസിക രേഖകളാണ്. അതില്‍ രതിയുണ്ട്, പ്രണയമുണ്ട്, എഴുത്തിലെ ലിംഗഭേദങ്ങളെ വ്യവസ്ഥാപിത പെണ്ണെഴുത്തിന്റെ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന ബഹുമാനങ്ങളുണ്ട്. ത്രിലിംഗനായ വിന്‍സ്മിത്ത് പ്രഭുവും, രവിവര്‍മ്മനെന്ന കപ്പിത്താനുമൊക്കെ ഇന്ദുമേനോന്‍ എന്ന പെണ്‍കഥാകാരിയെക്കുറിച്ചുള്ള ലിംഗപമായ അതിരുകളെ മായ്ച്ചുകളയുന്നു. നോവലിലെ 'പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്നു പേരിട്ട നാല്‍പ്പതാം അദ്ധ്യായം മാത്രം മതി ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയുടെ കൃതഹസ്തയെ തിരിച്ചറിയാന്‍.
ഇന്ദു മേനോന്റെ ആദ്യ നോവലാണിത്. ഈ എഴുത്തുകാരിക്ക് നോവലിന്റെ കാന്‍വാസ് എന്നാല്‍ വ്യക്തമായ വലുപ്പവും ഭുജങ്ങളുമുള്ള ഒരു ദീര്‍ഘചതുരമല്ല അത് അതിരുകളില്ലാത്ത ആകാശമാണ്. നോവലിന്റെ അവസാനത്തില്‍ കൃഷ്ണ ചന്ദ്രനും ആന്റനീറ്റയും പ്രേമത്തിന്റെ കടല്‍ച്ചുഴിയില്‍ ഒഴുകിനടക്കുമ്പോഴും നോവല്‍ അവസാനിക്കുന്നില്ല. വായനക്കാരന്‍ ഒരു സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നുപോകുന്നു എന്നുമാത്രം.
ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന തടിക്കപ്പലും അതിനുള്ളിലെ സ്വര്‍ണ്ണ മണലും മാരിക്കൊ ദ്വീപും പ്രണയത്തിന്റെ അമൃതംതേടിയുരുകുന്ന കഥാപാത്രങ്ങളും കടലും കപ്പലും കാഴ്ച്ചയുടെ വിചിത്രവും ഭ്രമാത്മകവുമായ, അപരിചിതമായ ഭാവനയുടെ വലിയൊരു ലോകംതന്നെ സൃഷ്ടിക്കുന്നു. മലയാളത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് വ്യത്യസ്തമായ രതിയുടെ വന്യമായ കാഴ്ച്ചയാകുന്നുണ്ട് ഈ നോവല്‍. പുതിയ എഴുത്തുകാര്‍ക്കായി ഇന്ദുമേനോന്‍ ഭാഷയുടെ അതിരുകളില്ലാത്ത ഭാവനയുടെ ഒരു മേഘജാലകം തുറന്നുവയ്ക്കുന്നു.
ചോദ്യം - ഉത്തരം
സരിതാ നായരെ സിനിമയിലെടുക്കുന്ന അഭിനവ സിനിമാക്കാരെക്കുറിച്ച് എന്താണ് അഭിപ്രായം?

അമ്മയുടെ മുലപ്പാലുകൊണ്ട് പായസമുണ്ടാക്കി ടിന്നിലാക്കി വില്‍ക്കാന്‍ കെല്‍പ്പുള്ള സിനിമക്കാരുണ്ട് നമ്മുടെ നാട്ടില്‍. സരിതാ നായരുടെ നെഗറ്റീവ് പബ്ലിസിറ്റി വില്‍ക്കാന്‍ നടക്കുന്നവര്‍, കൈയ്യില്‍ സ്വന്തമായി ഒരു കോപ്പുമില്ലാത്തവരാണ് അവര്‍. എല്ലാ സരിതാ നായരുമാരും മുന്നോട്ടു വരണം.
ഉമ്മന്‍ ചാണ്ടിയുടെ ഭരണമെങ്ങിനെ?
ഉമ്മന്‍ ചാണ്ടി 5 വര്‍ഷം ഭരിച്ചതോടെ കേരളത്തിന്റെ രാഷ്ട്രീയ സദാചാരം, രാഷ്ട്രീയ സംസ്‌കാരം എന്നിവ ഏതോ കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിന് ഒരു 'തെളിവും' ഇല്ലാതായി. 'കേരള മോഡല്‍' എന്നാല്‍ കേരളത്തിലെ മോഡലുകള്‍ (ബിക്കിനി) എന്നായി. ഭൂപരിഷ്‌ക്കരണം എന്നാല്‍ ഭൂമി മണ്ണിട്ട് നികത്തി പരിഷ്‌ക്കരിക്കുക എന്നായിട്ടുണ്ട്. പെണ്‍കുട്ടികളോട് ആരാകാനാണ് ഇഷ്ടം എന്നൊക്കെ ചോദിച്ചാല്‍ ചിലപ്പോള്‍ സരിത നായര്‍ ആകണമെന്ന ഉത്തരം കിട്ടിയാലും അത്ഭുതപ്പെടേണ്ടതില്ല.
അച്യുതാനന്ദനും പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്നുകേള്‍ക്കുന്നു?
പരസ്പരം മത്സരിച്ചതുപോരാതെ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു!. ഇതോടെ രണ്ടിലൊന്നിന്റെ കഥ തീരും. അധികം വൈകാതെ സെക്രട്ടറി പഥം കൊടിയേരിക്ക് മടുത്തു തുടങ്ങും. മുഖ്യമന്ത്രിയാകാന്‍ കുപ്പായം ഇസ്തിരിയിട്ടു വെച്ചത് അടുത്തകാലത്തൊന്നും എടുക്കേണ്ടി വരില്ല. അയലോത്തെ രമേശന്റെ ഗതിതന്നെ... പിണറായി ഈയിടെ ചിരിക്കുന്നത് ഇതോര്‍ത്തിട്ടാണ്. ഹ.. ഹ.. ഹ..
വി.എം. സുധീരന്‍ ആളെങ്ങിനെ?
കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചുകൊടുക്കുന്ന വി.എം.സുധീരന്റെ കപട ആദര്‍ശമെന്ന വിഴുപ്പ് കോണ്‍ഗ്രസ്സുകര്‍മാത്രമല്ല കേരള ജനതമൊത്തം ചുമന്നുകൊണ്ടിരിക്കുകയാണ്. എ.കെ. ആന്റണിയെ സഹിച്ച കേരളീയര്‍ക്ക് ഇതുവെറും ശിശു ആണ്. ശരിതന്നെ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം. കേരളത്തിലെ ബാറുകള്‍ ഇനി തുറന്നാലും അടച്ചാലും അധികം വൈകാതെ വി.എം. സുധീരന്റെ കടപൂട്ടും.
എഴുത്തുകാരന്‍ ജയമോഹനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നല്ലൊ എന്താണ് അഭിപ്രായം?
ടി.ഡി. രാമകൃഷ്ണന്‍ ഒരു പതിറ്റാണ്ടിനപ്പുറം നിലനില്‍ക്കില്ലെന്ന് പറഞ്ഞ ജയമോഹന്‍ സ്വന്തം കൃതികള്‍ കാലാതിവര്‍ത്തിയാകുമെന്ന് ഗീര്‍വ്വാണം മുഴക്കിയത് വായിച്ചിരുന്നു. നേരില്‍ക്കണ്ടപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇട്ടിക്കോരയുടെ തമിഴ് പതിപ്പിനെ തമിഴ് വായനക്കാര്‍ തള്ളിക്കളഞ്ഞിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിന്റെ വെളിച്ചത്തില്‍ മാത്രം ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയെ വിമര്‍ശിക്കാനാവില്ലെന്ന് ഞാന്‍ വാദിച്ചു. നേരം വെളുത്തതും മൊബൈല്‍ ഫോണിലേക്ക് മിഴിതുറക്കുന്ന പുതിയ കാലത്തിന്റെ ഭാവുകത്വത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. തിന്മ സമീപഭാവിയില്‍ നരമാംസ്യ ഭോജനത്തിലെത്തുന്നതിനെ ആ നോവല്‍ ഭാവന ചെയ്യുന്നുണ്ട്. ഇതാണ് നോവലിന്റെ മര്‍മ്മം. ബീഫു തിന്നവനെ തല്ലിക്കൊല്ലുന്ന കാലവുമായി ഈ നോവലിനെ ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ചെറിയ വാനക്കാരനാണെങ്കിലും എനിക്കു പറയാന്‍ കഴിയും ഞാന്‍ ഈ നോവല്‍ വായിക്കുമ്പോള്‍ ചുരുങ്ങിയത് 50 വര്‍ഷത്തിനപ്പുറത്തെ കാലത്തെ സ്പര്‍ശിക്കുന്നു എന്ന്. ഇപ്പറഞ്ഞത് ജയമോഹനോട് പറഞ്ഞപ്പോള്‍ അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞില്ല. ഒരുപക്ഷെ മാതൃഭൂമി എഡിറ്റു ചെയ്തപ്പോള്‍ ജയമോഹന്റെ മുന അറിയാതെ ടി.ഡി.യുടെ നേര്‍ക്കു തിരിഞ്ഞതാകാനും സാധ്യതയുണ്ട്. പരക്കെ പറയപ്പെടുന്നതുപോലുള്ള ഒരു വിമര്‍ശനം ജയമോഹന് ടി.ഡി.യോടില്ലെന്നാണ് എനിക്ക് അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. തമിഴ് നോവല്‍ സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും മിത്തുകളെ പുനരാവിഷ്‌ക്കരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ നോവലിനെക്കുറിച്ചും അദ്ദേഹം വാചാലനായി. തമിഴില്‍ എഴുതി ജീവിക്കുന്ന ആളല്ലെ. അവിടത്തുകാരുടെ കൈയ്യടി കിട്ടാന്‍ വേണ്ടി വല്ലതും പറയുന്നതായിരിക്കും. പക്ഷെ തമിഴന്മാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വായിക്കില്ലല്ലൊ..... ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.