2012, ജൂൺ 15, വെള്ളിയാഴ്‌ച

നമ്മള്‍ വെട്ടും വെട്ടെല്ലാം നമ്മുടെതാകും പൈങ്കിളിയെ...


നെയ്യാറ്റിന്‍കരയില്‍ ഇന്ത്യന്‍ ജനാധിപത്യം ആറായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ജനം തോറ്റു... സ്വന്തം രാഷ്ട്രീയ ആദര്‍ശത്തിന്റേയും, വിയോജിപ്പുകളുടെയും പേരില്‍ ജീവന്‍ ബലികൊടുക്കേണ്ടി വന്ന സഖാവ് ടി.പി. ചന്ദ്രശേഖരന് വേണ്ടി നെയ്യാറ്റികരയിലെ നല്ലവരായ വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കുലംകുത്തിയുടെ പെട്ടിയിലേക്കുപോയി... കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പുഫലം എന്ന് വെറുതെ നമുക്ക് ആശ്വസിക്കാമെന്നുമാത്രം. സഖാവ് ടി. പി. ചന്ദ്രശേഖരന്റെ മരണം വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പുകഴിയുന്നതോടെ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ച പുതിയ രാഷ്ട്രീയ സമസ്യകള്‍ മാഞ്ഞുപോകുകയാണ്. അനന്തരം കൊടിസുനിയും കൂട്ടരും അഴിയെണ്ണുമായിരിക്കാം, പരോളിലിറങ്ങി പുതിയ രക്തസാക്ഷികളെ ഇനിയുമവര്‍ സൃഷ്ടിച്ചേക്കാം, മാധ്യമങ്ങള്‍ പുതിയ വിഷയങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കും, ജനം മതിഭ്രമം ബാധിച്ചവരെപ്പോലെ മാധ്യമങ്ങളുടെ കണ്‍മുനയിലൂടെ ലോകത്തെ വീണ്ടും നോക്കിക്കാണും. പതിവുപോലെ വി.എസ്. അച്ച്യുതാന്ദനും പിണറായി വിജയനും പാമ്പും കോണിയും കളിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷമുന്നണിയിലുണ്ടാവാന്‍ പോകുന്ന ആശയ പ്രതിസന്ധികള്‍ക്കും മണ്ണൊലിപ്പിനും കാതോര്‍ത്ത് പാര്‍ലമെന്ററിമോഹങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മെനയും...

വൈകിയാണെങ്കിലും വീട്ടിലേക്ക് ക്ഷീണിതനായി എപ്പോഴെങ്കിലുമൊക്കെ വന്നുകേറിയിരുന്ന തന്റെ പൊതുപ്രവര്‍ത്തകനായ പ്രിയപ്പെട്ട അച്ഛനെ എന്നന്നേയ്ക്കുമായി ന്ഷടപ്പെട്ടതിന്റെ വേട്ടയാടുന്ന ഓര്‍മ്മകളുമായി അഭിനന്ദ് എന്ന ടി.പി.യുടെ പ്രിയപുത്രന്‍ വളരും... കൊരുത്തുവച്ച വിപ്ലവസ്വപ്‌നങ്ങളുടെ തീച്ചിറകേറി രമയും ജീവിക്കും മനസ്സില്‍ അണയാത്ത ചിതയുമായി. ജനം പതുക്കെ ഇവരെയൊക്കെ മറന്നുപോകും. ഇവിടെ ചോര്‍ന്നുപോകുന്നത് പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ നീതിശാസ്ത്രങ്ങളും മാത്രമല്ല, നമ്മള്‍ മനുഷ്യരുടെ സോഷ്യോ-പൊളിറ്റിക്കള്‍ മെമ്മറി പതിവുപോലെ നമ്മെ വഞ്ചിക്കാന്‍ പോകുന്നു. ദുരന്തങ്ങള്‍ അത് സമൂഹത്തിന്റെ മനസ്സില്‍ നിന്ന് പതുക്കെ പിന്‍വാങ്ങിയതിനുശേഷം അതിന്റെ സ്വന്തം ഇരകളുടെ മനസ്സുകള്‍ തേടിപ്പോകുന്നു. സഖാവ് ടി. പി. ചന്ദ്രശേഖരന്റെ മരണം ആത്യന്തികമായി അത് മകന്‍ അഭിനന്ദിന്റേയും ഭാര്യ രമയുടേയും ദുരന്തമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ നീതിരഹിതമായ പുറംമ്പോക്കുകളില്‍ നടക്കുന്ന കൊലപാതകങ്ങളുടെ നിലവിളികള്‍ ഒടുവില്‍ വന്ന് ചേക്കേറുന്നത് അതാത് ഇരകളുടെ വീട്ടിലേക്ക് തന്നെയായിരിക്കും.

എന്താണ് രാഷ്ട്രീയകൊലപാതകം... രാഷ്ട്രീയകൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് അതിന്റെ പ്രസ്ഥാനങ്ങളുടേയും സമൂഹത്തിന്റേയും പൊതുബോധത്തില്‍ നിന്ന് മാഞ്ഞുപോകുകയും ആത്യന്തികമായി ഒരു ദേഹവിയോഗംമാത്രമായി ഒതുക്കപ്പെടുകയും ചെയ്യുന്നത്... പുന്നപ്രയും വയലാറും ഓഞ്ചിയവും മൊക്കെ ഏറ്റുവാങ്ങിയ രക്തമല്ല ഇന്ന് കേരളം രക്തസാക്ഷിത്വം എന്ന പേരില്‍ ഏറ്റുവാങ്ങുന്നത്. ഇന്നത്തെ രക്തസാക്ഷിയും മൂന്നുപതിറ്റാണ്ടുമുമ്പ് ഉണ്ടായിരുന്ന രക്തസാക്ഷികളും തമ്മില്‍ ആജന്മ വിപ്ലവജീവിതത്തിന്റെ ദൂരമുണ്ട്. പുന്നപ്രയും വയലാറുമൊക്കെ സൃഷ്ടിച്ചത് ഇന്നുകാണുന്നതുപോലെ വലതുപക്ഷ മാധ്യമങ്ങളല്ല. അത് അടിയുറച്ച വിപ്ലവബോധത്തില്‍ നിന്ന് ഉരുവംകൊണ്ട രക്തസാക്ഷിത്വങ്ങളാണ്. ടി. പി. ചന്ദ്രശേഖരന്റെ രക്തത്തിന് പതിനായിരം മടങ്ങ് കട്ടിയുണ്ടെങ്കിലും സമകാലിക രാഷ്ട്രീയ സഹചര്യത്തിന് പ്രത്യയശാസ്ത്രപരമായ അടിയൊഴുക്കില്ല, നീതിബോധമില്ല. ടി. പി.യുടെ റവല്യുഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിപോലും വിലകുറഞ്ഞ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അതീതമല്ല എന്നതിനാല്‍ ടി. പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ദുഷിച്ച സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഇരയായി മറവിയില്‍ വിലയം പ്രാപിക്കും. ഇതിനെയൊക്കെ ഓര്‍മ്മിപ്പിക്കാനും ചിരപ്രതിഷ്ട നടത്താനും നമ്മുക്ക് മാധ്യമങ്ങളുടെ സഹായം വേണം, പക്ഷെ അവര്‍ക്കതിന് താല്‍പര്യമുണ്ടായിക്കോളണമെന്നില്ല. മാധ്യമങ്ങളാണ് നമ്മുടെ പോതുബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഒരു പ്രത്യേക കക്ഷിരാഷ്ട്രീയ ബോധം മാത്രം പ്രകടിപ്പിക്കുന്ന പിന്‍തിരിപ്പന്‍ അവസരവാദ മാധ്യമങ്ങളുടെ വികലമായ നീതിബോധത്തിന്റെ ഇരകളാണ് നമ്മള്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ നമ്മുടെ പൊതുബോധം മറവിയുടെ ഏക്കല്‍ മണ്‍കൂനകളിലാണ് പണിതിട്ടിരിക്കുന്നത്. ഓര്‍മ്മിപ്പിക്കുന്നതും ഓര്‍മ്മകളെ മായ്ക്കുന്നതും മാധ്യമങ്ങളാണ്. അങ്ങിനെയല്ലെങ്കില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളില്‍ കണ്ണൂരില്‍ മാത്രം 172 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടായ പരിശ്രമമുണ്ടായിരുന്നില്ലായിരുന്നുവെങ്കില്‍ ടി.പി. ചന്ദ്രശേഖരന്‍ എട്ടുകോളം വാര്‍ത്തയുടെ ഏതൊ മൂലയില്‍ ഒതുക്കപ്പെടുമായിരുന്നു. ഇന്ന് ഇടുക്കിയിലേയും കണ്ണൂരിലേയും തേഞ്ഞുമാഞ്ഞുപോയ പല രാഷ്ട്രീയ കൊലപാതകങ്ങളുടേയും ശവക്കുഴി തോണ്ടുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ കുറച്ചുകാലംകൂടി ഈ ശവകുഴികള്‍ തോണ്ടിക്കൊണ്ടിരിക്കും. ഒരു പതിറ്റാണ്ടിനുമുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ട ബാലു എന്ന ഐ.എന്‍.ടി.യു.സി നേതാവിന്റെ പെങ്ങളും.... ക്ലാസ്സ്മുറിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അതി ദാരുണമായി കൊലചെയ്യപ്പെട്ട ജയകൃഷ്ണന്‍ മാഷിന്റെ അമ്മയുമൊക്കെ ഇന്ന് വീണ്ടും നീതി പ്രതീക്ഷിക്കുകയാണ്.... ഇവരുടേയൊക്കെ മനസ്സിന്റെ ഉള്ളറകളില്‍ നിന്ന് മരണമില്ലാത്ത പരേതാത്മാക്കള്‍ നീതിയുടെ വെള്ളിവെളിച്ചം തേടി വീണ്ടും സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് ഇറങ്ങിവരികയാണ്. ഇവര്‍ക്ക് നീതി ലഭിക്കുംവരെ ഇവരുടെ പോരാട്ടങ്ങള്‍ക്ക് ചൂട്ടുപിടിക്കാന്‍ ഏതുരാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാകും, ഏതുമാധ്യമങ്ങളുണ്ടാകും... ഇപ്പോഴത്തെ സവിശേഷമായി സാഹചര്യം കഴിഞ്ഞാല്‍ ഈ ദുരന്തങ്ങള്‍ അവരുടെ ഇരകളുടെ മനസ്സിലേക്കുതന്നെ, അവരുടെ ജീവിച്ചിരിക്കുന്ന അമ്മപെങ്ങന്മാരുടെ സ്വകാര്യ ദുഖങ്ങളായി അവരുടെ മനസ്സുകളിലേക്ക് തിരിച്ചുപോകും..... ബാലുവിന്റെ വിയോഗം ബാലുവിന്റെ പെങ്ങളുടേയും ജയകൃഷ്ണന്‍ മാഷിന്റെ വിയോഗം അദ്ദേഹത്തിന്റെ അമ്മയുടേയും മാത്രം ദുരന്തമായി അവശേഷിക്കും. രക്തസാക്ഷികള്‍ എന്തിനുവേണ്ടി ഉണ്ടാകുന്നു എന്ന ചോദ്യം മാത്രം ബാക്കി...

രക്തസാക്ഷിയാവാനും ഭാഗ്യം ചെയ്യണം. എല്ലാകാലത്തും രക്തം ചിന്തിയുള്ള മരണം രക്തസാക്ഷിത്വമാവില്ലതന്നെ ചേഗുവേരയും ഭഗത് സിംഗും മരിച്ചതുപോലെ, ഗാന്ധിയും പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളും മരിച്ചതുപോലെ പുന്നപ്രയിലും വയലാറിലും സഖാക്കള്‍ മരിച്ചതുപോലെ, വര്‍ഗ്ഗീസും അഴിക്കോടന്‍ രാഘവനും മരിച്ചതുപോലെ ഓരോ മരണവും ഓരോ സന്ദേശമാവേണ്ടതാണ്. എന്നാല്‍ ഇന്ന് സമകാലിക രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേക തുരുത്തിലേക്ക് മാത്രമായി എല്ലാ രക്തസാക്ഷിത്വത്തേയും ചുരുക്കിക്കൊണ്ടുവരികയാണ് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും. ടി. പി. ചന്ദ്രശേഖരന്‍ എന്തിനുവേണ്ടി മരിച്ചു എന്നത് വലതുപക്ഷത്തിനൊ വലതുപക്ഷ മാധ്യമങ്ങള്‍ക്കൊ എന്തിന് ടി. പി. ചന്ദ്രശേഖരന്റെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുപോലും പ്രധാനമല്ല. അതാണ് ഇന്നത്തെ കക്ഷിരാഷ്ട്രീയ-മാധ്യമ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പത്യേകത. ഇതാണ് ശവപ്പെട്ടി ജനാധിപത്യം. നീതിയുടേയും, പ്രത്യയശാസ്ത്രബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയുമൊക്കെ മുഖത്ത് അമ്പത്തൊന്നല്ല എണ്ണിയാലൊടുങ്ങാത്ത വെട്ടുകള്‍ ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെട്ടിക്കഴിഞ്ഞു. നാടിനെ ഇതില്‍ നിന്നൊക്കെ പ്രതിരോധിക്കാന്‍ നമ്മുടെ കൈയ്യിലുള്ള വോട്ടുകള്‍ കൊണ്ട് നമ്മുക്ക് ഒന്നിനേയും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകരാഷ്ട്രീയത്തിനെതിരെ നാം ചെയ്ത വോട്ടുകള്‍ ഒരു ജനാധിപത്യ കുലംകുത്തിയുടെ പെട്ടിയിലേക്കും പോയി... നമ്മള്‍ വീണ്ടും വീണ്ടും പരാജയപ്പെടുന്നു... നമ്മുടെ മുഖത്ത് നമ്മള്‍തന്നെ വെട്ടുന്നു അമ്പത്തിരണ്ട്....അമ്പത്തിമൂന്ന്....

5 അഭിപ്രായങ്ങൾ:

  1. ജനം കഴുതകള്‍ ....
    നമ്മള്‍ നമ്മളെതന്നെ വെട്ടിക്കൊണ്ടിരിക്കും !

    മറുപടിഇല്ലാതാക്കൂ
  2. ആരും ജയിക്കാത്ത ഒരു തെരഞ്ഞെടുപ്പ്

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യന്റെ രണ്ടു കണ്ണുകൾക്കും രണ്ടു കാതുകൾക്കും പിന്നിലായി ചിന്താശേഷിയുള്ള ഒരു തലച്ചോറും ഉണ്ട്‌ എന്നകാര്യം മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നവർ മറക്കരുത്‌. കേവലം ഒരു പത്രത്തിൽ വാർത്തവന്നൂ എന്നുകരുതി, അല്ല ടീവിയിൽ ഒരു വാർത്ത കണ്ടു എന്നുകരുതി കേരളത്തിൽ ആരും കണ്ണുമടച്ച്‌ അങ്ങ്‌ വിശ്വസ്സിക്കില്ല. കുറഞ്ഞപക്ഷം 4 TV ചാനലിലെ യെങ്കിലും വാർത്ത കാണുന്നവരാണു് മിക്ക ആളുകളും. ഒളിഞ്ഞും തെളിഞ്ഞും വാർത്തയുടെ ഉറവിടം അന്വഷിച്ച്കണ്ടെത്തി, ഭീഷണികളെയും അക്രമങ്ങളെയും മറികടന്ന് വാർത്തകൾ നമുക്ക്മുന്നിൽ എത്തിക്കുമ്പോൾ, നമുക്ക്‌ അനുകൂലമല്ലാത്ത വാർത്തകാണുമ്പോൾ മാധ്യമ പ്രവർത്തകരെ ആക്ഷേപിക്കയല്ല (ഇടതിന്റെ ആയാലും വലതിന്റെ ആയാലും) അഭിനന്ദിക്കയാണു് വേണ്ടത്‌. അതുപോലെ സ്വന്തം പാർട്ടിയിൽ അഴുമതികാണുമ്പോൾ പ്രതികരിക്കണ്ടസ്ഥലത്ത്‌ പ്രതികരിക്കയും പകഷേ പാർട്ടി യാതൊരു നടപടിയും എടുക്കാതിരിക്കയും ചെയ്യുമ്പോൾ ആപ്രസ്ഥാനത്തിൽ തുടരാതെ ചിലർ ഗൗരിയമ്മയെപ്പോലെ പുതിയ പാർട്ടി ഉണ്ടാക്കുകയോ മറ്റുചിലർ ശെൽവരാജിനെപ്പോലെ മറ്റുപാർട്ടിയിലേക്ക്‌ പോകയോ ചെയ്യും. ജനങ്ങളും ഇതുപോലെ തന്നെ ഒരിക്കൽ ഒരുപാർട്ടിയെ ജയിപ്പിക്കയും അതേപാർട്ടിയെ അടുത്ത തവണ തോൽപ്പിക്കയും ചെയ്യുന്നത്‌ അവർ കുലം കുത്തികൾ ആയതുകൊണ്ടല്ല, മറിച്ച്‌ അവർ പാർട്ടികളുടെ പ്രവർത്തനത്തെ വിലയിരുത്തുന്നതുകൊണ്ടാണു്. കാലുമാറിയ ശെൽവരാജിനെ ജയിപ്പിച്ചത്‌ അവിടുത്തെ ജനങ്ങളും കാലുമാറി എന്നതിന്റെ തെളിവല്ലേ? എന്തുകൊണ്ടെ ജനങ്ങൾ കാലുമാറി എന്നാണു് ചിന്തിക്കേണ്ടത്‌. അല്ലാതെ പാർട്ടിമാറുന്നവരെ കൊല്ലാൻ തുടങ്ങിയാൽ പാർട്ടിയെ തോൽപിക്കുന്ന ജനങ്ങളെയും കൊല്ലേണ്ടിവരും ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹനീയതയാണു് നെയ്യാറ്റിൻകരയിലെ ജനങ്ങൾ പാർട്ടിക്കുമുൻപിൽ കാട്ടിയത്‌. അത്‌ മനസ്സിലാക്കാൻ കഴുയുന്നില്ലെങ്കിൽ പാർട്ടിയാണു് തോറ്റത്‌, ജനം അല്ല.

    മറുപടിഇല്ലാതാക്കൂ
  4. രാഷ്ടീയപരമായി നമ്മുടെ ചിന്തയെ എത്രതന്നെ മാറ്റിമറിച്ച് വോട്ടാക്കിയാലും
    ഈ വെള്ളത്തിന്റെ കലക്കൊന്ന്‍ മാറിയാല്‍ , നമ്മളൊരേ തൂവ്വല്‍ പക്ഷികളെന്നു
    ഇതേ ചോരകൊണ്ട് തന്നെ വരഞ്ഞു വെയ്ക്കും പ്രസ്തുത ലിസ്റ്റില്‍പെട്ട
    ഏതൊരു പ്രസ്ഥാനവും !

    ചുരുക്കിപ്പറഞ്ഞാല്‍ ആദര്‍ശത്തെ ആദര്‍ശം കൊണ്ടെതിര്‍ത്തപ്പോള്‍ അതേ ആയുധം
    ഫലിക്കാതെ നബുംസക പ്രത്യാക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി
    ഈ നേരംവരെ നമുക്ക് ടി പിയെ കാണാം.

    മറുപടിഇല്ലാതാക്കൂ
  5. “മാധ്യമങ്ങളാണ് നമ്മുടെ പോതുബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഒരു പ്രത്യേക കക്ഷിരാഷ്ട്രീയ ബോധം മാത്രം പ്രകടിപ്പിക്കുന്ന പിന്‍തിരിപ്പന്‍ അവസരവാദ മാധ്യമങ്ങളുടെ വികലമായ നീതിബോധത്തിന്റെ ഇരകളാണ് നമ്മള്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ നമ്മുടെ പൊതുബോധം മറവിയുടെ ഏക്കല്‍ മണ്‍കൂനകളിലാണ് പണിതിട്ടിരിക്കുന്നത്. ഓര്‍മ്മിപ്പിക്കുന്നതും ഓര്‍മ്മകളെ മായ്ക്കുന്നതും മാധ്യമങ്ങളാണ്.“


    100 ശതമാനം സത്യമാണു സന്തോഷിന്റെ വിലയിരുത്തൽ.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.